ന്യൂഡല്‍ഹി : സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നികുതി ഇളവുകള്‍ ആലോചിക്കുന്നതിനുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ ചേരും.
ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്റെ പരിഗണനയിലുണ്ട്. ടൂറിസം മേഖലയ്ക്കുള്ള ഇളവുകളാണ് കൂടുതലായി പരിഗണനയില്‍ എന്നാണ് സൂചന.
7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
യോഗത്തിലെ തീരുമാനങ്ങളെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല.
കാര്‍ ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്.
വാഹന വില്‍പ്പനയില്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യം മൂലം രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം ഉത്പ്പാദനം വെട്ടിക്കുറച്ചും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയും നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തീരുമാനം എടുത്തതുമാണ് ഇതിന് പ്രധാന കാരണം.