സ്വര്‍ണത്തിന് ഇ-വേ ബില്‍ സംവിധാനം ഏർപ്പെടുത്താൻ ആലോചനയുമായി ജിഎസ്ടി കൗണ്‍സില്‍

നികുതിവെട്ടിപ്പും കള്ളക്കടത്തും തടയാന്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണമോ മൂല്യമേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയേക്കും. രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ മൂല്യമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ നിർബന്ധമാക്കുക. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിന് നേരത്തെ ശുപാര്‍ശചെയ്തിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദവും നല്‍കിയേക്കും.

50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള എല്ലാ ചരക്കുകകളുടെയും നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാണെങ്കിലും സ്വര്‍ണത്തെ അതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം സ്വര്‍ണ ഇടപാടിന്മേല്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന് കേരളമാണ് ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. കേരളത്തോടൊപ്പം കര്‍ണടകം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളും ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണുമുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തൊട്ടാകെ നടപ്പാക്കുന്നതിന് പകരംസംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അനുമതി നല്‍കാന്‍ കഴിയുമോയെന്നകാര്യവും കൗണ്‍സില്‍ പരിശോധിച്ചേക്കും.

അതേസമയം, സ്വര്‍ണത്തിന് ഇ-വേ ബില്‍ പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ആഭരണത്തിന്റെ നിര്‍മാണം പലഘട്ടങ്ങളിലായി വിവിധയിടങ്ങളില്‍ നടക്കുന്നതുകൊണ്ടാണിതെന്നും ഇവര്‍ പറയുന്നു. ഇ-വേ ബില്‍ എടുക്കുന്നത് സുരക്ഷയ്ക്കും ഭീഷണിയാണെന്ന വിലയിരുത്തലുമുണ്ട്. വിവരം ചോര്‍ന്നാല്‍ മോഷണവും ആക്രമണവും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Top