നികുതി വെട്ടിപ്പ് തടയുന്നതിനും ജിഎസ്ടി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ഈ മാസം 20ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ചേക്കും. സാമ്പത്തികമാന്ദ്യം ശക്തമാവുകയും, നികുതിവരവ് കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വാഹന നിര്‍മാണ മേഖല ആവശ്യപ്പെടുന്നുണ്ടെങ്കിലും വാഹനമേഖലയുടെ ആശങ്കകള്‍ ഈ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയില്ലെന്നാണ് സൂചന.
വാഹന നിര്‍മാണ നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് വാഹന നിര്‍മാണ കമ്പനികള്‍ക്കുള്ളത്. ഇത് സര്‍ക്കാരിന് കാര്യമായ വരുമാനനഷ്ടമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഈ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചകളുയര്‍ന്നാലും നിര്‍ണായക തീരുമാനം ഉടന്‍ പ്രതീക്ഷിക്കാനിടയില്ല.
ഫെഡറേഷന്‍ ഓഫ് ഓട്ടൊമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിലുടനീളമുള്ള ഓട്ടൊമൊബൈല്‍ ഡീലര്‍ ബിസിനസുകളില്‍ ഏകദേശം രണ്ട് ലക്ഷത്തോളം ജോലികള്‍ കുറച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇലക്ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ഹൈബ്രിഡ് വാഹന വിഭാഗത്തിന് മാത്രം ചില ഇളവ് ലഭിച്ചേക്കും, സെസ് ഒഴിവാക്കിക്കൊണ്ട് അത്തരം വാഹനങ്ങള്‍ക്കുള്ള നിരക്ക് കുറയ്ക്കല്‍ സര്‍ക്കാര്‍ പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നികുതി ഭാരം 43 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറച്ചേക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ പ്രശ്‌നങ്ങളും കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.