കൊച്ചി : 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ മുഖ്യപ്രതിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് അറസ്റ്റിലായത്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.
കേരളത്തിലെ ആദ്യ ജിഎസ്ടി തട്ടിപ്പുകേസാണിത്. നിഷാദിനെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്ലൈവുഡ് കച്ചവടം നടത്തുന്ന നിഷാദ് വ്യാജ ബിൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പേരിനു മാത്രം ജി എസ് ടി രജിസ്ട്രഷൻ എടുത്ത ശേഷം പ്രവർത്തനം നടത്താത്ത എട്ടു പ്ലൈവുഡ് കമ്പനികളുടെ പേരിൽ പ്ലൈവുഡും അസംസ്കൃത വസ്തുക്കളും കയറ്റി അയയ്ക്കുന്നതിന്റെ മറവിലായിരുന്നു നികുതി വെട്ടിപ്പ്.
ഹൈദരാബാദ്, ബാംഗ്ലൂർ സേലം എന്നിവിടങ്ങളിൽ ജി എസ് ടി ഇൻറലിജൻസ് വിഭാഗം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയാണ് നിഷാദിനെതിരെ തെളിവ് ശേഖരിച്ചത്. പെരുമ്പാവൂരിലെ ഇയാളുടെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത മുപ്പത്തിയഞ്ച് ലക്ഷം രൂപയും നൂറോളം വ്യാജ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തിരുന്നു.