ഓഗസ്റ്റ് മാസത്തെ ജിഎസ്ടി വരുമാനം 90,669 കോടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 90,669 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍.

ജൂലൈ 1 മുതലാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കി തുടങ്ങിയത്, ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം 94,063 കോടി രൂപയാണ്. ജൂലൈയിലെ ജിഎസ്ടിയുടെ ആദ്യ റിട്ടേണുകളും ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഇത് മുന്‍പ് അവകാശപ്പെട്ടത് പോലെ 65000 കോടി രൂപയല്ലെന്നും 12,000 കോടി രൂപ മാത്രമാണെന്നും സര്‍ക്കാര്‍ പറയുന്നു.

പരിഷ്‌കരിച്ച മൂല്യനിര്‍ണയം അനുസരിച്ച് പ്രാരംഭ കണക്കുകൂട്ടലായ 92,283 കോടി രൂപയില്‍ നിന്നും 94,063 കോടി രൂപയുടെ ഉയര്‍ച്ചയാണ് ജൂലൈയില്‍ ജിഎസ്ടി നേടിയത്.

വിവിധ തലങ്ങളില്‍ ജിഎസ്ടി നേടിയ മൊത്തം വരുമാനം (സെപ്റ്റംബര്‍ 25 വരെ) 90,669 കോടി രൂപയാണ്. എന്നാല്‍ ഈ കണക്കില്‍ നഷ്ടപരിഹാര പദ്ധതി തെരഞ്ഞെടുത്തിരിക്കുന്ന 10.24 ലക്ഷം നികുതിദായകരുടേത് ഉള്‍പ്പെടുന്നില്ല.

ഇതില്‍ കേന്ദ്ര ജിഎസ്ടിയായി 14,402 കോടിയും, സംസ്ഥാന ജിഎസ്ടി ആയി 21,067 കോടിയും സംയോജിത ജിഎസ്ടിയായി 47,377 കോടിയുമാണ് സര്‍ക്കാരിന് ലഭിച്ചത്. ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ഇനത്തില്‍ 7,823 കോടി രൂപയും ലഭിച്ചു.

7823 കോടി രൂപയില്‍ 547 കോടി രൂപ ഓഗസ്റ്റിലെ ഇറക്കുമതിയില്‍ നിന്ന് ലഭിച്ച കോമ്പന്‍സേഷന്‍ സെസ് ആണ്.

ഓഗസ്റ്റ് മാസത്തെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്ത സെപ്റ്റംബര്‍ 20 വരെ 68.20 ലക്ഷം നികുതി ദായകരാണ് ജിഎസ്ടി നല്‍കിയത്.

ഇതില്‍ 37.63 ലക്ഷം പേര്‍ ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Top