ശ്രീനഗര്‍: ചരക്ക് സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നാലും ഇന്ത്യന്‍ യൂണിയനിലെ പ്രത്യേക പദവിയുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക നികുതി അധികാരം സംരക്ഷിക്കണമെന്ന് കശ്മീര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു.
ജമ്മുകശ്മീരിലെ പ്രത്യേക നികുതി അധികാരത്തെ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഒരുകാര്യവും ജി.എസ്.ടി ബില്ലില്‍ പറഞ്ഞിട്ടില്ലെന്നും ജമ്മുകശ്മീര്‍ ധനകാര്യമന്ത്രി ഹസീബ് ദ്രാബു അസംബ്‌ളിയില്‍ പറഞ്ഞു.
ചരക്ക് സേവന നികുതി നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ പ്രത്യേക നികുതി അധികാരം സംരക്ഷിക്കാന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പുതന്നിരുന്നെന്നും ഹസീബ് ദ്രാബു പറഞ്ഞു.
നികുതി സംവിധാനത്തെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുത്താനായി കേന്ദ്രത്തിന്റ ഭാഗത്തുനിന്ന് വലിയ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് ഹസീബ് ദ്രാബു ഇക്കാര്യം വ്യക്തമാക്കിയത്.
ബില്‍ ജമ്മുകാശ്മീരിലേക്കു കൂടി വ്യാപിപ്പിക്കുകയാണെങ്കില്‍ ചിലപ്പോള്‍ തിരുത്തലുകള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമായി സംസ്ഥാനത്തിനുമുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും ദ്രാബു പറഞ്ഞു.
ഇന്ത്യയില്‍ ജമ്മു കശ്മീര്‍ മാത്രമാണ് നികുതി സംവിധാനത്തില്‍ പ്രത്യേക അധികാരങ്ങളുള്ള ഏക സംസ്ഥാനം. സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി വീണ്ടും കൂടിയോലോചിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഹസീബ് ദ്രാബു പറഞ്ഞു.
ജി.എസ്.ടി നിലവില്‍ വന്നുകഴിഞ്ഞാല്‍ പുതിയ വ്യാവസായിക നയത്തിന്റെ കാര്യത്തിലും സമഗ്രമായ അവലോകനമുണ്ടാകുമെന്നും ദ്രാബു കൂട്ടിച്ചേര്‍ത്തു.