ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്ക് സംബന്ധിച്ച് പൂര്‍ണമായ പൊളിച്ചെഴുത്ത് വേണമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അഥീയ.
ചെറുകിട ഇടത്തരം വ്യവസായത്തിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.എസ്.ടി സ്ഥിരതയാര്‍ജ്ജിക്കാന്‍ ഒരു വര്‍ഷം വരെ സമയം എടുത്തേക്കാം. സാധാരണക്കാര്‍ക്കും ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്കും അനുഭവപ്പെടുന്ന ഭാരം ലഘൂകരിച്ചാല്‍ മാത്രമേ ജി.എസ്.ടിയ്ക്ക് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ലഭിക്കൂ. ഇതിനായി ഏതൊക്കെ ഇനങ്ങള്‍ക്ക് നികുതി ശതമാനം കുറയ്ക്കണമെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗോഹട്ടിയില്‍ നവംബര്‍ 10ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് കമ്മിറ്റി ശ്രമിക്കുന്നത്. അതിനായി തിരക്കിട്ട ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുകയാണെന്നും ഹസ്മുഖ് പറഞ്ഞു.