ജിഎസ്ടിക്ക് പിന്നാലെ എത്തിയ കാര്‍ഗോ പ്രതിസന്ധി തുടരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ഗോ കമ്പനികളുടെ കൂട്ടായ്മ നിയമപോരാട്ടം ശക്തമാക്കുകയാണ്.
ഇരുപതിനായിരം രൂപക്ക് താഴെയുള്ള വസ്തുക്കള്‍ ഡ്യൂട്ടി ഇല്ലാതെ നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന സംവിധാനം പുനസ്ഥാപിക്കാന്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും സംഘടന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷന്റെ ഏഴംഗ പ്രതിനിധി സംഘം അടുത്തദിവസം ഡല്‍ഹിയില്‍ എത്തും. ജിഎസ്ടിയെ അല്ല മറിച്ച് ജിഎസ്ടിയുടെ മറവില്‍ പ്രവാസികള്‍ക്ക് സമ്മാനങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ അനുവദിക്കുന്ന നിയമം പിന്‍വലിച്ചതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ജൂണ്‍ 30 മുന്‍പ് അയച്ച സാധനങ്ങള്‍ വിട്ടുകിട്ടാനാണ് നേരത്തേ കോടതിയെ സമീപിപ്പിച്ചത്. ആനുകൂല്യം പിന്‍വലിച്ചതോടെ നാട്ടില്‍ പാഴ്‌സല്‍ കൈപറ്റുന്നവരോട് 41 ശതമാനം ഡ്യൂട്ടി കൂടി അടക്കാന്‍ പറയേണ്ട സാഹചര്യമാണുള്ളത്. ഇതോടെ ഗള്‍ഫിലെ കാര്‍ഗോ ബിസിനസും കുത്തനെ താഴേക്ക് പോയെന്നും പ്രസിഡന്റ് മുഹമ്മദ് സിയാദ് പറഞ്ഞു.