ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ആവേശമായ ധീര വിപ്ലവകാരി ചെ ഗുവേരയുടെ ഓര്‍മ്മയില്‍ അഭിമാനത്തോടെ മകള്‍ ഡോ.അലെയ്ഡ ഗവാര മാര്‍ച്ച്.
‘ചെ’യുടെ അന്‍പതാം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പിതാവിനെ കുറിച്ച് അലെയ്ഡ വാചാലയായത്.
വേറിട്ടൊരു സമൂഹത്തിനായി പുതിയ മനുഷ്യനെ സൃഷ്ടിക്കുകയെന്ന ആശയമാണ് പിതാവിന്റെ ഏറ്റവും വലിയ സംഭാവന.
മനുഷ്യരെ സ്‌നേഹിച്ചിരുന്നത് കൊണ്ടാണു ചെ മഹാനായ കമ്യൂണിസ്റ്റായത്. ഒരു മനുഷ്യസ്‌നേഹിക്കേ കമ്യൂണിസ്റ്റുകാരനാകാന്‍ കഴിയൂ. . അലെയ്ഡ പറഞ്ഞു.
ഒളിപ്പോരാട്ടവും വിപ്ലവ പ്രവര്‍ത്തനവുമായി ചെ അകലെയായിരിക്കുമ്പോള്‍ വീട്ടില്‍ എന്തു ആവശ്യമുണ്ടെങ്കിലും ഓടിയെത്തുക ഫിഡല്‍ കാസ്‌ട്രോയും റാമിറോ വാല്‍ഡെ സുമായിരുന്നുവെന്നും അവര്‍ ഓര്‍മ്മിച്ചു.
വിപ്ലവകാരിയായ അച്ഛന്റെ മകളായതില്‍ ഏറെ അഭിമാനിക്കുന്ന അലെയ്ഡക്ക് കേരളവും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.
ലോകത്ത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ സൃഷ്ടിച്ച ഇ.എം.എസിന്റെ നാട് ഇന്നും നിരവധി നല്ല ഓര്‍മ്മകളാണ് ചെ ഗുവേരയുടെ മകള്‍ക്ക് നല്‍കുന്നത്.
1997ല്‍ ഇന്ത്യയിലെത്തിയ അലെയ്ഡ കൊല്‍ക്കത്തയും ഹൈദരാബാദും സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു കോഴിക്കോട്ടെത്തിയിരുന്നത്.
ചെ ഗുവേരയുടെ ചിത്രവുമായി ടീ ഷര്‍ട്ടുകള്‍ ഇറങ്ങുന്നത് മുതലാളിത്തത്തിന്റെ കച്ചവട തന്ത്രമാണെങ്കിലും വിപ്ലവത്തെ കുറിച്ച് യുവാക്കളെ ഓര്‍മ്മിപ്പിക്കാന്‍ അത് സഹായിച്ചല്ലോ എന്നും മകള്‍ അഭിപ്രായപ്പെട്ടു.
ഗറില്ലാ യുദ്ധത്തിനിടെ കൊല ചെയ്യപ്പെട്ട ചെ ഗുവേരയുടെ അന്‍പതാം രക്തസാക്ഷിത്വ ദിനം ലോകവ്യാപകമായി വിപ്ലവ സമൂഹം വിപുലമായി ആചരിച്ചു വരികയാണ്.