ന്യൂയോര്‍ക്ക്: ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം കരുത്തോടെ തിരിച്ചുവന്ന പത്തൊമ്പതുകാരി കോക്കൊ ഗഫ് യു.എസ് ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടറിലെത്തി. അവസാന പത്ത് ഗെയിമുകളും തൂത്തുവാരിയ ഗഫ് 3-6, 6-3, 6-0 നാണ് ജയിച്ചത്. മൂന്നര വര്‍ഷത്തോളം വിട്ടുനിന്ന ശേഷം തിരിച്ചുവന്ന കരൊലൈന്‍ വോസ്നിയാക്കിയുമായാണ് ഗഫ് പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. മുന്‍ ഒന്നാം നമ്പറായ വോസ്നിയാക്കി രണ്ടു തവണ യു.എസ് ഓപണ്‍ ഫൈനലിലെത്തിയിരുന്നു. ആറാം സീഡായ ഗഫ് കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ഫൈനലിലാണ് പുറത്തായത്.
ഒരു വര്‍ഷത്തോളം വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ ജെന്നിഫര്‍ ബ്രാഡിയെയാണ് വോസ്നിയാക്കി 4-6, 6-3, 6-1 ന് തോല്‍പിച്ചത്. തിരിച്ചുവന്ന ശേഷം വോസ്നിയാക്കിയുടെ മൂന്നാമത്തെ ടൂര്‍ണമെന്റാണ് ഇത്. മുപ്പത്തിമൂന്നുകാരിയുടെ രണ്ടു വയസ്സുകാരി മകള്‍ ഒലീവിയയും 10 മാസം പ്രായമുള്ള മകന്‍ ജെയിംസും ഭര്‍ത്താവും കളി കാണാനുണ്ടായിരുന്നു. ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കും 2017 ലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ യെലേന ഓസ്റ്റാപെങ്കോയും തമ്മിലാണ് മറ്റൊരു പ്രി ക്വാര്‍ട്ടര്‍.