ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍
കണ്ടെയ്ന്‍മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.
സമൂഹ പ്രാര്‍ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ക്രമീകരിക്കണം. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
ക്യൂവില്‍ ആറടി അകലം പാലിക്കണം. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം. ആരെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതന്‍ ആയാല്‍, പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
ഷോപ്പിങ്ങ് മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും മാര്‍ഗനിര്‍ദേശം
ഷോപ്പിങ് മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മാളുകളില്‍ തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും കേന്ദ്രനിര്‍ദേശം.