തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കിയതിന് വിശ്വഗുരുവിന്റെ പ്രവര്‍ത്തകര്‍ക്കുള്ള ഗിന്നസ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തിരക്കഥ മുതല്‍ റിലീസ് വരെയുള്ള സകല സംഗതികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ (51 മണിക്കൂറും 2 മിനിറ്റും) ചെയ്തുതീര്‍ത്താണ് ചിത്രം ഗിന്നസ് റെക്കോര്‍ഡിട്ടത്. ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചുനടന്ന ചടങ്ങില്‍, സഹകരണം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് വിതരണ കര്‍മം നിര്‍വ്വഹിച്ചത്. 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ ‘മംഗളഗമന’ എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡാണ് ‘വിശ്വഗുരു’ തകര്‍ത്തത്.
ശ്രീനാരണ ഗുരുവിന്റെ ജീവിത ദര്‍ശനങ്ങളും ശിവഗിരി മഠത്തിലെ ജീവിത സന്ദര്‍ഭങ്ങളുമാണ് ചിത്രത്തിനാധാരം. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് നിര്‍മിച്ച്, പ്രമോദ് പയ്യന്നൂര്‍ തിരക്കഥയും സംഭാഷണവും രചിച്ച വിശ്വഗുരു സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ഛായാഗ്രഹണം ലോകനാഥന്‍, ചമയം പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം കിളിമാനൂര്‍ രാമവര്‍മ, സഹസംവിധാനം സുബ്രഹ്മണ്യന്‍. പുരുഷോത്തമന്‍ കൈനക്കരി, ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെ.പി.എ.സി. ലീലാകൃഷ്ണന്‍, റോജി. പി. കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍ എന്നിവരാണ് അഭിനേതാക്കള്‍.