അഹമ്മദാബാദ്: മദ്യനിരോധനമുള്ള ഗുജറാത്തില്‍ പരസ്യമായി മദ്യപിച്ച് പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപി കൗണ്‍സിലര്‍. ഒരു വിരുന്നില്‍ പരസ്യമായി മദ്യപിച്ച് ആഘോഷിച്ചതാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. കേസെടുക്കുന്നതിനു നിര്‍ദേശം നല്‍കുന്നതിനു പകരം വിശദീകരണ നോട്ടിസ് നല്‍കി മുഖം രക്ഷിക്കാനാണു ബിജെപിയുടെ ശ്രമം.
വല്‍സാദ് ജില്ലയില്‍ നഗ്രോല്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ നടന്ന മദ്യപാന സത്കാരത്തില്‍ സൂറത്ത് നഗരസഭാ കൗണ്‍സിലര്‍ പിയൂഷ് ശിവശക്തിവാല മദ്യപിച്ചു നൃത്തംവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശിവശക്തിവാലയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സൂറത്ത് സിറ്റി യൂണിറ്റ് അവശ്യപ്പെടുമെന്നു ജില്ലാ അധ്യക്ഷന്‍ നിതിന്‍ ബാജിയാവാല അറിയിച്ചു.
മദ്യം കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും 10 വര്‍ഷം വരെശിക്ഷ കിട്ടാവുന്ന കുറ്റമായ ഗുജറാത്തിലാണു ഭരണകക്ഷി നേതാവു തന്നെ വിവാദത്തില്‍ പെട്ടത്. സംസ്ഥാനത്തു സുലഭമായി മദ്യം ഒഴുകുന്നെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചത് അടുത്തിടെ രാഷ്ട്രീയ വിവാദമായിരുന്നു.
എന്നാല്‍, തനിക്കു നിയമപകാരമുള്ള മദ്യ പെര്‍മിറ്റ് ഉണ്ടെങ്കിലും വിരുന്നില്‍ മദ്യപിച്ചില്ലെന്നും കൈയിലെ ഗ്ലാസില്‍ പഴച്ചാര്‍ മാത്രമായിരുന്നുവെന്നുമാണു ശിവശക്തിവാലയുടെ പ്രതികരണം. പാര്‍ട്ടിക്കു വിശദീകരണം നല്‍കും. വിരുന്നില്‍ താന്‍ നൃത്തം ചെയ്തിരുന്നു എന്നും നൃത്തം ഒരു കുറ്റമല്ലെന്നും കൗണ്‍സിലര്‍ അറിയിച്ചു.