ന്യൂഡല്‍ഹി: ഗുജറാത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരും.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും പാര്‍ട്ടി കേന്ദ്ര നീരീക്ഷകരായി യോഗത്തില്‍ പങ്കെടുക്കും. ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ 25ന് സത്യപ്രതിജ്ഞ നടന്നേക്കും.
വിജയ് രൂപാനിതന്നെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. എന്നാല്‍, മറ്റു ചില പേരുകളും പരിഗണിക്കുന്നുണ്ട്. ഭാവ്‌നഗറില്‍ നിന്ന് വിജയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഘാണി മന്ത്രിയാകുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷനായി ശങ്കര്‍ ചൗധരിയെ നിയോഗിച്ചേക്കും. മുന്‍മന്ത്രിയായ ചൗധരി വാവ് മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.നിഥിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി ആകുമെന്നും സൂചനയുണ്ട്.
മുന്‍മന്ത്രിയായിരുന്ന ഭൂപേന്ദ്രസിങ് ചുദാസമയെ ഇത്തവണ സ്പീക്കറാക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ എട്ട് ക്യാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരും ചുമതലയേല്‍ക്കുമെന്നാണ് സൂചന.