അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ മുസ്ലിം വനിതകള്‍ക്കു സീറ്റ് നല്‍കുന്നവര്‍ മതത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അഹമ്മദാബാദ് ജമാ മസ്ജിദ് ഇമാം ഷാബിര്‍ അഹമ്മദ് സിദ്ദിഖി. മതവിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇമാം പറഞ്ഞു. ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള അഭിമുഖത്തിലാണ് പരാമര്‍ശം.
ഇസ്ലാമിനെക്കുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും പ്രധാനം നമസ്‌കാരമാണെന്ന് ഇമാം പറഞ്ഞു. നമസ്‌കാരത്തിന് സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എല്ലാവരുടെയും മുന്നില്‍ വരുന്നതിന് പ്രശ്‌നമൊന്നുമില്ലെങ്കില്‍ അവര്‍ അതു ചെയ്യുമായിരുന്നില്ലേ? – ഇമാം ചോദിച്ചു.
ഇസ്ലാമില്‍ സ്ത്രീകള്‍ക്കു പ്രത്യേകമായ സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് പള്ളിയില്‍ വന്നു നിസ്‌കരിക്കുന്നതില്‍നിന്ന് അവരെ തടയുന്നത്. അതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകള്‍ക്കു ടിക്കറ്റ് നല്‍കുന്നവര്‍ ഇസ്ലാമിന് എതിരെ നില്‍ക്കുകയാണെന്നു പറയുന്നതും.
ആണുങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ പെണ്ണുങ്ങള്‍ക്കു സീറ്റു കൊടുക്കുന്നത്? ഇത് ഇസ്ലാമിനെ ദുര്‍ബലപ്പെടുത്തുന്നതാണ്. സ്ത്രീകളെ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഒക്കെ ആക്കിയാല്‍ പിന്നെ ഹിജാബ് വേണമെന്നു പറയുന്നതില്‍ എന്തു കാര്യം?- ഇമാം ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആളുകളെ കാണേണ്ടി വരും. ഹിന്ദുക്കളെയും മുസ്ലിംകളെയുമൊക്കെ കാണേണ്ടി വരും. അതുകൊണ്ടുതന്നെ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് താന്‍ എതിരാണെന്ന് ഇമാം പറഞ്ഞു.