സൂറത്ത്: രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഗുജറാത്തിലെ സൂറത്തില്‍ 61കാരിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 11 ആയി. 108 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 302 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 3374 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയരുകയും ചെയ്തു. 267 പേര്‍ക്ക് ഭേദമായപ്പോള്‍ 3030 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
മഹാരാഷ്ട്രയിലാകട്ടെ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെ 600 കടന്നു.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 600 കടക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 147 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നാല് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു.
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനായേക്കില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകത്താകെ കോവിഡ് 19 രോഗം ബാധിച്ചുമരിച്ചവരുടെ എണ്ണം 64,667ഉം കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷം കടക്കുകയും ചെയ്തു. ഇറ്റലി 15362, സ്‌പെയിന്‍ 11947, യുഎസ് 8444, ഫ്രാന്‍സ് 7560, ബ്രിട്ടന്‍ 4313, ഇറാന്‍ 3452, ചൈന 3326, നെതര്‍ലന്‍ഡ്‌സ് 1651 എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം. ഫ്രാന്‍സില്‍ ഇന്നലെ 1053 പേരും യുഎസില്‍ 1040 പേരും മരണത്തിന് കീഴടങ്ങി.