ഗുജറാത്ത് : മൃഗങ്ങളുടെ ശവം എടുത്തുമാറ്റത്തതിന് ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്‌റയിലാണ് സംഭവം നടന്നത്.
പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട് രണ്ട്‌പേര്‍ വന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ മൃഗങ്ങളുടെ ശവം എടുത്തുമാറ്റാത്തതെന്ന് ചോദിച്ചു.
തുടര്‍ന്ന് തങ്ങളുടെ സമുദായം മൃഗങ്ങളുടെ ശവം എടുത്തുമാറ്റുന്ന ജോലി ഉപേക്ഷിച്ചുവെന്ന് ബാലന്‍ മറുപടി നല്‍കി. ഇതില്‍ പ്രകോപിതരായ അക്രമികള്‍ കുട്ടിയെ അടിക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തു.
ബാലനെ മര്‍ദ്ദിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തെപറ്റി ഗ്രമത്തലവന് പതാതി നല്‍കിയപ്പോള്‍ അവഗണിക്കുകയായിരുന്നുവെന്നും കുട്ടി പറയുന്നു.
ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ മൃഗങ്ങളുടെ ശവം എടുത്തു മാറ്റുന്ന ജോലി ഉപേക്ഷിച്ചതെന്നും ഇനി ഈ ജോലിയില്‍ തുടരില്ലെന്നും ബാലന്റെ പിതാവ് ദിനേഷ് പര്‍മര്‍ പറയുന്നു.
എന്നാല്‍ തങ്ങള്‍ ഇനിയും അക്രമങ്ങള്‍ക്ക് ഇരയായേക്കുമോ എന്ന ഭയവും ഇദ്ദേഹത്തിനുണ്ട്.
ചത്ത പശുവിന്റെ തോലുരുഞ്ഞതിന് ഗോ സംരക്ഷകര്‍ ഗുജറാത്തിലെ ഊനയില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് മൃഗങ്ങളുടെ ശവം എടുത്തുമാറ്റുന്ന ജോലി ഉപേക്ഷിച്ച് ദളിതുകള്‍ പ്രതിഷേധമാരംഭിച്ചത്. ഗോ സംരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്ത് വരികയും ചെയ്തിരുന്നു.