അഹമ്മദാബാദ്: ദളിത് പ്രതിഷേധവും പട്ടേല്‍ പ്രക്ഷോഭവും മോദിയുടെ ഗുജറാത്തില്‍ ബി.ജെ.പിയുടെ അടിവേരിളകുന്നു. 1995ല്‍ കേശുഭായി പട്ടേലിലൂടെ ബി.ജെ.പി കൈപ്പിടിയിലൊതുക്കിയ ഗുജറാത്ത് ഭരണമാണ് ജനകീയ പ്രക്ഷോഭങ്ങളില്‍ ആടി ഉലയുന്നത്.
ബി.ജെ.പിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായം നടത്തിയ സംവരണ പ്രക്ഷോഭത്തിനു പിന്നാലെ ദളിത് സമരവും ബി.ജെ.പി നേതൃത്വത്തെ വെള്ളംകുടിപ്പിക്കുകയാണ്.
തങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ദളിതരാണ് സബര്‍മതിയില്‍ ഒത്തുചേര്‍ന്ന് റാലി നടത്തി ബി.ജെ.പി സര്‍ക്കാരിനെ വെല്ലുവിളിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി കാണിച്ചുതരാമെന്ന വെല്ലുവിളിയാണ് ദളിത് സമൂഹം ഉയര്‍ത്തിയത്.
ഊനയില്‍ ചത്ത പശുവിന്റെ തേലുരിച്ചതിന് നാലു ദളിത് യുവക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ദളിത് ആക്രമണത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച യോഗേഷ് ഹിരാബായ് സോളങ്കി (25) മരണപ്പെട്ടതോടെ ദളിത് പ്രക്ഷോഭം സംസ്ഥാനമാകെ വ്യാപിച്ചിരിക്കുകയാണ്.
ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്തിനെ ഇളക്കിമറിച്ച സംവരണ പ്രക്ഷോഭത്തിലും ബി.ജെ.പി നേതൃത്വം പ്രതിക്കൂട്ടിലായിരുന്നു. ഹാര്‍ദ്ദിക്കിനെ ജയിലിലടച്ചും നാടുകടത്തിയും ബി.ജെ.പി സര്‍ക്കാര്‍ സമരത്തെ നേരിട്ടെങ്കിലും പട്ടേല്‍ സമുദായത്തിന് ബി.ജെ.പി നേതൃത്വത്തിനെതിരെയുള്ള രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ മോദിയുടെ ഗുജറാത്ത് ബി.ജെ.പിക്ക് നഷ്ടമാകും.
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം വിട്ട് മോദി പ്രധാനമന്ത്രിയായതും മോദിയുടെ വലംകൈയ്യായ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി ഡല്‍ഹിക്കു മാറിയതും ഗുജറാത്തില്‍ ബി.ജെ.പിക്ക് നാഥനില്ലാത്ത അവസ്ഥയാക്കിയിരിക്കുകയാണ്. ഇപ്പോൾ സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലും സംസ്ഥാന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വവും ഇടച്ചിലിലായതും സംഘ്പരിവാറിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.