ഗുജറാത്ത് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് എഎപി

ഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക ആംആദ്മി പാര്‍ട്ടി പുറത്ത് വിട്ടു. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ ബരാസിയ (രാജ്‌കോട്ട് സൗത്ത്), സുധീര്‍ വഘാനി (ഗരിയാധര്‍), രാജേന്ദ്ര സോളങ്കി (ബര്‍ദോലി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

വലിയ വാഗ്‌ദാനങ്ങൾ ജനങ്ങള്‍ക്ക് നല്‍കിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഎപി ഒരുങ്ങുന്നത്. പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അണ്‍എംപ്ലോയിമെന്റ് അലവന്‍സായി മാസം 3000 രൂപ നല്‍കുമെന്നും അദ്ദേഹത്തിന്റെ വാഗ്‌ദാനത്തിലുണ്ട്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തെ എല്ലാ തൊഴില്‍ രഹിതര്‍ക്കും ജോലി നല്‍കും. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പഞ്ചാബില്‍ എഎപിക്ക് അനുകൂലമായ ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

Top