ഇന്ത്യയില്‍ വീണ്ടും മോദി വിജയഗാഥയോ . . അഭിപ്രായ സര്‍വേയില്‍ ഞെട്ടി ചൈനയും . . .

ന്യൂഡല്‍ഹി: വീണ്ടും ഒരു മോദി വിജയഗാഥയോ ?

ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈനീസ്-പാക്ക് ഭരണാധികാരികള്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകമായ ഈ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസായാണ് ചൈനയും പാക്കിസ്ഥാനും നോക്കിക്കാണുന്നത്.

അതുകൊണ്ട് തന്നെ സര്‍വേ ഫലങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകരുതെന്നാണ് അവരുടെ ആഗ്രഹം.

മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി അതിര്‍ത്തി പ്രശ്‌നങ്ങളില്‍ മിന്നല്‍ വേഗത്തില്‍ പ്രതികരിക്കുന്ന മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ചൈനയും പാക്കിസ്ഥാനും ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൈന സസൂഷ്മം നിരീക്ഷിച്ചിരുന്നതായാണ് ചൈനീസ് മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിയുടെ ഭരണപരിഷ്‌ക്കാരങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ സൂചന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ വ്യക്തമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആയുധ രംഗത്തെ മുന്നേറ്റം മാത്രമല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും ചൈനയെയും അവരെ ആശ്രയിക്കുന്ന പാക്കിസ്ഥാനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

സാമ്പത്തിക മേഖലയില്‍ വലിയ കുതിച്ച് ചാട്ടം ഇന്ത്യ നടത്തുമെന്ന് ഐഎംഎഫ് അടക്കം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
25395383_2045191285712717_1529354303_n
ഇന്ത്യയുടെ മുന്‍ നിലപാടുകളെല്ലാം മാറ്റിമറിച്ച് വന്‍ മുതല്‍ മുടക്കാണ് ആയുധങ്ങളും അത്യാധുനിക സൈനിക വാഹനങ്ങളും വാങ്ങി കൂട്ടാന്‍ മോദി സര്‍ക്കാര്‍ ചിലവഴിച്ചു വരുന്നത്.

പാക്ക് അധീന കാശ്മീരില്‍ കയറി മിന്നല്‍ ആക്രമണം നടത്താനും ദോക് ലാമില്‍ ചൈനീസ് സേനയെ വെല്ലുവിളിക്കാനും ഇന്ത്യന്‍ സേന തയ്യാറായത് ലോക രാഷ്ട്രങ്ങളെ സംബന്ധിച്ച് പുതിയ കാഴ്ചയായിരുന്നു.

പൊതുവെ സമാധാനത്തിനായി നിലകൊള്ളുന്ന രാഷ്ട്രമായി അറിയപ്പെടുന്ന ഇന്ത്യ സൈനികമായി ആര്‍ജിച്ച ആത്മവിശ്വാസത്തിന്റെ പ്രതികരണമായാണ് ഈ രണ്ട് സംഭവങ്ങളെയും ലോക രാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്.

ഒരേ സമയം വ്യത്യസ്ത ധ്രുവങ്ങളിലുള്ള അമേരിക്കയുടെയും റഷ്യയുടെയും അടുത്ത സുഹൃത്തായി തുടരാന്‍ സാധിക്കുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കാരണമായതായി ചൈന തന്നെ വിലയിരുത്തുന്നുണ്ട്.

ഗുജറാത്ത് -ഹിമാചല്‍ ഫലം ബി.ജെ.പിക്ക് അനുകൂലമായാല്‍ അത് മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും പ്രതിപക്ഷത്തിന് പിന്നീട് തിരിച്ചു വരാന്‍ കഴിയാത്ത സാഹചര്യം അത് ഇന്ത്യയില്‍ സൃഷ്ടിക്കുമെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
25394002_2045191302379382_1614522609_n

ഇതിനിടെ പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഇതിനകം തന്നെ ഇന്ത്യ നടത്തി വരുന്ന ശ്രമങ്ങളിലും അസ്വസ്ഥരാണ് ചൈനീസ് ഭരണകൂടമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ബലൂചിസ്ഥാനില്‍ ഒരു വിഭാഗം ചൈനക്കെതിരെ നടത്തുന്ന പ്രതിഷേധം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യുടെ ഇടപെടല്‍ മൂലമാണ് എന്നാണ് ചൈന സംശയിക്കുന്നതത്രേ.

ഇന്ത്യയോട് ‘പ്രതികരിക്കാന്‍’ ഭയമില്ലങ്കിലും അതിന്റെ പ്രത്യാഘാതം വലിയ രൂപത്തില്‍ നേരിടേണ്ടി വരുമെന്നതാണ് ചൈനയെ പിറകോട്ടടിപ്പിക്കുന്നത്.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ബ്രിട്ടന്‍, ഇസ്രയേല്‍, ജര്‍മ്മനി തുടങ്ങിയ സൈനിക ശക്തികള്‍ ഇന്ത്യക്കെതിരായ ഏതൊരു സൈനിക നീക്കത്തേയും എതിര്‍ത്ത് രംഗത്ത് വരുമെന്ന് ചൈന കണക്ക് കൂട്ടുന്നുണ്ട്.

ഈ യാഥാര്‍ത്ഥ്യം കൂടി ഉള്‍കൊണ്ടാണ് ദോക് ലാമില്‍ നിന്നും സമവായത്തില്‍ പിന്‍മാറാന്‍ ചൈനീസ് സേന ഒടുവില്‍ തയ്യാറായിരുന്നത്.

ഇന്ത്യയുമായി നല്ല ബന്ധത്തില്‍ പോവാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസവും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Top