ദില്ലി: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി 40 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം കോൺഗ്രസ് 7 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു.
കോൺഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചാരണത്തിലെങ്കിലും ഇംപാക്റ്റ് ഗുജറാത്തിൽ ഉണ്ടാക്കിയിരുന്നെങ്കിലെന്ന് കോൺഗ്രസ് പ്രവർത്തകരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. കാരണം ബിജെപിയുമായും ആം ആദ്മി പാർട്ടിയുമായും താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഏതെങ്കിലും തരത്തിലുളള, കേന്ദ്രനേതാക്കൾ എത്തുകയോ വമ്പൻ റാലികൾ നടത്തുകയോ അങ്ങനെ വലിയ രീതിയിലുളള പ്രചാരണം കോൺഗ്രസ് സംസ്ഥാനത്ത് ഇതുവരെ നടത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ ചുമതലയുളള അശോക് ഗെഹ്ലോട്ട് മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും പ്രചാരണ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നത്.
ബിജെപിയാകട്ടെ പല ഘട്ടങ്ങളിലും, ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നരേന്ദ്ര മോദിയടക്കം സംസ്ഥാനത്ത് എല്ലാ മാസവും വന്നു കൊണ്ടിരുന്നു. വമ്പൻ പദ്ധതികളൊക്കെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ രാഷ്ട്രീയ പരിപാടികൾക്കായി വീണ്ടും അദ്ദേഹമടക്കം പ്രധാനപ്പെട്ട നേതാക്കളെയൊക്കെ എത്തിക്കുന്നു. ബിജെപി മുഖ്യമന്ത്രിമാർ എത്തുന്നു. അങ്ങനെ 40 പേരുടെ പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിൽ അടുത്ത ഘട്ടം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.