തിരുവനന്തപുരം: ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കളംപിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഎപി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് കെജ്‌രിവാള്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.
എക്‌സൈസ് അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മനീഷ് സിസോദിയകൂടി കെജ്‌രിവാളിന് ഒപ്പം എത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ പകപോക്കല്‍ രാഷ്ട്രീയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ അനാവശ്യമായി സിബിഐയെ ഉപയോഗിച്ചുള്ള റെയ്ഡ് ജനവികാരം തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇരുനേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഗുജറാത്തിലേക്ക് പോകുന്നുവെന്നും ഒപ്പം സിസോദിയയും ഉണ്ടാകുമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം എന്നിവയാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഡല്‍ഹിയിലേതുപോലെ മികച്ച സ്‌കൂളുകളും ആശുപത്രികളും ഗുജറാത്തിലെ ജനങ്ങള്‍ക്ക് സമ്മാനിക്കുമെന്നും കെജ്‌രിവാള്‍ ട്വീറ്റില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികളാണ് എഎപി വിഭാവനം ചെയ്യുന്നത്. യുവാക്കളുമായി സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്കെതിരെ ആരോപണങ്ങളുമായി സിസോദിയ രംഗത്തുവന്നിരുന്നു. ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന സന്ദേശം ബിജെപിയില്‍ നിന്ന് ലഭിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ബിജെപിയില്‍ ചേര്‍ന്നാല്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും സിസോദിയ ആരോപിച്ചു. എഎപിയെയും മുഖ്യമന്ത്രി കെജ്‌രിവാളിനേയും ബിജെപി ഭയക്കുന്നു. അതിന്റെ ഭാഗമായാണ് കള്ളക്കേസുകള്‍ ചുമത്തുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു.
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 29 സീറ്റുകളില്‍ മത്സരിച്ച ആംആദ്മി സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്ക് പോലും കെട്ടിവെച്ച കാശ് തിരികെ കിട്ടിയില്ല. എന്നാല്‍ 2021 ഫെബ്രുവരിയില്‍ സൂറത്ത് നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയതോടെയാണ് ഗുജറാത്തില്‍ പാര്‍ട്ടിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ദേശീയ നേതൃത്വം എത്തിയത്. മുന്‍പ് ഗുജറാത്ത് സന്ദര്‍ശിച്ച കെജ്‌രിവാള്‍ സംസ്ഥാനത്ത് സൗജന്യ വൈദ്യുതിയും പത്ത് ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു.