gujarat farmers rally turns violent after protest over water nano plant

അഹമദാബാദ്: ടാറ്റ നാനോയുടെ ഗുജറാത്തിലെ നിര്‍മാണ പ്ലാന്റിന് സമീപം കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി.

നര്‍മദ ഡാം കനാലില്‍ നിന്ന് കമ്പനിക്ക് വെള്ളം നല്‍കുന്നുതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രക്ഷോഭത്തിന് കാരണമായത് . സാനന്തിലെ ടാറ്റയുടെ പ്ലാന്റിന് സമീപത്തേക്ക് 5000ത്തോളം കര്‍ഷകര്‍ റാലിയുമായി എത്തുകയായിരുന്നു.

റാലി നടത്തിയവരെ പിരിച്ച് വിടാനായി പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത് . കര്‍ഷകരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറില്‍ ചില പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ടാറ്റ നാനോയെക്കൂടാതെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനികളുടെ നിര്‍മാണ ശാലകളും സാനന്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവര്‍ക്ക് നര്‍മദ കനാലില്‍ നിന്ന് വെള്ളമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ഈ കനാലില്‍ നിന്ന് പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിക്കായി വെള്ളം നല്‍കിയിരുന്നില്ല. കൃഷിക്കായി ഇവിടുത്തെ കര്‍ഷകര്‍ ഉപയോഗിച്ചിരുന്നത് സൗരാഷ്ട്രയിലെ വെള്ളമായിരുന്നു. ഇതാണ് കര്‍ഷകരെ പ്രകോപിപ്പിച്ചത്.

എന്നാല്‍ റാലിക്ക് അനുമതി നല്‍കിയിരുന്നുല്ലെന്ന് പൊലീസ് കമീഷണര്‍ ആര്‍.വി അസാരി പറഞ്ഞു. കര്‍ഷകര്‍ സാനന്തില്‍ എത്തിയപ്പോള്‍ തന്നെ കര്‍ഷക നേതാക്കളോട് സമാധാനപരമായി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയാറായിരുന്നില്ല.

ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നും,സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് ഗുജറാത്തിലെ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നത്.

Top