ഡൽഹി : ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ കടുത്ത നിലപാട് അറിയിച്ച് ഗുജറാത്ത്. പ്രതികൾക്ക് ജാമ്യം നൽകേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സുപ്രീം കോടതിയിൽ സർക്കാർ സ്വീകരിച്ചത്. ജാമ്യം നൽകുന്നത് പരിഗണിക്കാനുള്ള നിർദേശം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചപ്പോഴാണ് സർക്കാർ നിലപാട് അറിയിച്ചത്. 2018 മുതൽ 31 പ്രതികളുടെ അപേക്ഷ കോടതിക്ക് മുന്നിലാണ്.
2002 ഫെബ്രുവരി 27 നാണ് സബർമതി എക്സ്പ്രസിന്റെ ബോഗി കത്തിച്ചുകൊണ്ടുള്ള ആക്രമണം നടന്നത്. രാജ്യത്തെ തന്നെ നടുക്കിയ കറുത്ത ദിനങ്ങളുടെ തുടക്കമായിരുന്നു ഈ ആക്രമണം. 52 പേരിലധികം പേരുടെ മരണത്തിനാണ് ഈ ആക്രമണം കാരണമായത്. ആക്രമണത്തിൽ ഉൾപ്പെട്ട 31 പ്രതികൾക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2018 ൽ ഇവർ സുപ്രീം കോടതിയെ സമീപിച്ചു.
ഇന്നലെ ഈ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഗുജറാത്ത് സർക്കാരിനോട് നിലപാട് ചോദിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായത്. കേവലം ട്രെയിനിന് കല്ലെറിഞ്ഞ കേസ് അല്ല ഇതെന്നാണ് തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്. ട്രെയിൻ കത്തുമ്പോൾ യാത്രക്കാർ പുറത്തിറങ്ങാതിരിക്കാൻ മനപ്പൂർവ്വം കല്ലെറിയുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവമാണ് ഇത്. അതുകൊണ്ട് ജാമ്യാപേക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
അതേസമയം ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു കേസ് പരിഗണിക്കപ്പെട്ടിരിക്കുന്നത് എന്നത് ഗുജറാത്ത് സർക്കാരിന് നിർണ്ണായകമാണ്. എന്നാൽ ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു.