ഗാന്ധിനഗര്‍: ഗുജറാത്തില്‍ ജൂതര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ തീരുമാനം. 170 ജൂതന്‍മാരാണ് ഇപ്പോള്‍ ഗുജറാത്തിലുള്ളത്. ഇതില്‍ 140 പേര്‍ അഹമ്മദാബാദിലും മറ്റുള്ളവര്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലുമായാണ് താമസിക്കുന്നത്.
ഇപ്പോള്‍ ഇസ്രായേലിലുള്ള ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയാണ് ജൂതര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുമെന്ന് അറിയിച്ചത്. വൈകാതെ തന്നെ ഇതിനുള്ള ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗുജറാത്തില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ ജൂതര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 2011ലെ സെന്‍സസില്‍ ഗുജറാത്തിലെ ജൂതരുടെ എണ്ണം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നില്ല. മറ്റുള്ളവരുടെ കൂട്ടത്തിലാണ് ഗുജറാത്തിലെ ജൂതരെയും ഉള്‍പ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ട്. കുറേക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. ന്യൂനപക്ഷ പദവി ലഭിക്കുന്നതിലുടെ തങ്ങളുടെ വിശ്വാസങ്ങളും ശവകുടീരങ്ങളും കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഗുജറാത്തിലെ ജൂതര്‍ വ്യക്തമാക്കി.