അഹമ്മദാബാദ്: ‘ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു’ എന്ന വിചിത്ര ചോദ്യവുമായി ഗുജറാത്തില്‍ നിന്നുള്ള സ്ക്കൂള്‍. ചരിത്രവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ ചോദ്യം കണ്ട് ഗുജറാത്ത് വിദ്യാഭ്യാസ അധികൃതര്‍ ഞെട്ടി. ചോദ്യം വിവാദമായതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്ത് വിദ്യാഭ്യാസ അധികൃതര്‍.
ഒമ്പതാം ക്ലാസിലെ ചോദ്യപേപ്പറിലാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ‘സുഫലാം ശാലാ വികാസ് സങ്കുല്‍’ എന്ന സംഘടനയുടെ കീഴിലുള്ള സ്‌കൂളുകളില്‍ നടത്തിയ പരീക്ഷയിലാണിത്. സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ക്കൂളുകളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സുഫലാം ശാല വികാസ് സങ്കുലിന് കീഴില്‍ ഗുജറാത്തിലുണ്ട്.
അതെ സമയം പരീക്ഷയിലെ മറ്റൊരു ചോദ്യം: ‘വ്യാജ മദ്യ ലോബിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മദ്യത്തിന്റെ അമിത ഉപയോഗത്തെക്കുറിച്ചും ജില്ലാ പൊലീസിന് പരാതികത്ത് എഴുതുക?’ എന്നിവയും വിവാദമായിട്ടുണ്ട്. ഗുജറാത്തില്‍ മദ്യ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. രണ്ട് ചോദ്യങ്ങളിലും ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചോദ്യങ്ങള്‍ ഉണ്ടാക്കിയത് വിദ്യാലയ അധികൃതരാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ പങ്കില്ലെന്നും ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭരത് വാദര്‍ പറഞ്ഞു.