സ്വന്തം മുന്നണിയിലെ ഘടകകക്ഷികള്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി മാറിയിരിക്കുന്നത്. യു.പി.എ ഘടക കക്ഷിയായ ഡി.എം.കെ ഇക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. തമിഴ് നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് മത്സരിച്ച സീറ്റുകള്‍ നല്‍കില്ലന്നാണ് ഡി.എം.കെ വ്യക്തമാക്കിയിരിക്കുന്നത്. 40 സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസ്സിനോട് പരമാവധി 25 സീറ്റുവരെ എന്ന നിര്‍ദ്ദേശമാണ് ഡി.എം.കെ വച്ചിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സിനു നല്‍കിയാല്‍ വിജയിച്ച ശേഷം മറുകണ്ടം ചാടുമോ എന്ന ഭീതിയാണ് ഈ ജാഗ്രതക്കു പിന്നില്‍. അയല്‍ സംസ്ഥാനമായ പോണ്ടിച്ചേരിയിലെ കാവിവല്‍ക്കരണമാണ് ഡി.എം.കെയുടെ മനസ്സു മാറ്റിയിരിക്കുന്നത്.
പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വീഴാന്‍ കാരണം തന്നെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂറുമാറിയതാണ്. തമിഴകത്ത് അത്തരമൊരു സാഹചര്യം ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തില്‍ ഡി.എം.കെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടികളെ മാത്രമാണ്. മുന്നണിയുടെ ഭാഗമായി ജയിച്ചു കഴിഞ്ഞാല്‍ പാറപോലെ ഉറച്ചു നില്‍ക്കുമെന്നതാണ് സി.പി.എമ്മിലും സി.പി.ഐയിലും സ്റ്റാലിന്‍ കാണുന്ന വ്യത്യസ്തത. അതേസമയം തമിഴകത്ത് മാത്രമല്ല പോണ്ടിച്ചേരിയിലും ഡി.എം.കെ നേതൃത്വം കോണ്‍ഗ്രസ്സ് സഖ്യത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇടപെട്ടിട്ടും ഡി.എം.കെ അയയാത്തതിനാല്‍ രാഹുല്‍ ഗാന്ധിയെ തന്നെ ചര്‍ച്ചക്കായി ഇറക്കാനാണ് കോണ്‍ഗ്രസ്സ് നിലവില്‍ ശ്രമിക്കുന്നത്. ഒരു നിവൃത്തിയും ഇല്ലങ്കില്‍ കമലിന്റെ മക്കള്‍ നീതിമയ്യവുമായി സഖ്യത്തിലാവാനും അവര്‍ക്കിടയില്‍ ആലോചനയുണ്ട്.
ഇതിനിടെ ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നതും കോണ്‍ഗ്രസ്സിന് അപ്രതീക്ഷിത പ്രഹരമായിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണിപ്പോള്‍ ഹൈക്കമാന്റ്. ഗുജറാത്തിലെ 31 ജില്ലാ പഞ്ചായത്തുകളും സ്വന്തമാക്കിയിരിക്കുന്നത് ബിജെപിയാണ്. 81 നഗരസഭകളില്‍ ഭൂരിഭാഗവും 231 ബ്ലോക്ക് പഞ്ചായത്തുകളില്‍ 200ല്‍ ഏറെയും ബിജെപി ഭരിക്കുന്ന സാഹചര്യമാണുള്ളത്. ആഴ്ചകള്‍ക്കു മുന്‍പ് ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ വിജയം കൊയ്തതിന് പിന്നാലെയാണ് ബിജെപി അതേപ്രകടനം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
ഒരു ജില്ലാ പഞ്ചായത്ത് പോലും സ്വന്തമാക്കാന്‍ ഇവിടെ കോണ്‍ഗ്രസ്സിനു സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ സംഘടനാപരമായ പാളിച്ച ചൂണ്ടിക്കാണിക്കുന്നതു കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പില്‍ 31ല്‍ 24 ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്. ഇത്തവണ 31ഉം പിടിച്ചെടുത്തത് കോണ്‍ഗ്രസ്സിന്റെ കഴിവുകേടു കൊണ്ടു തന്നെയാണ്. ഹാര്‍ദിക് പട്ടേല്‍ ജിഗ്‌നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭ പരിപാടികളില്‍ നിന്നും നേട്ടമുണ്ടാക്കിയതാണ് 2015ല്‍ കോണ്‍ഗ്രസിന് ഗുണമായി മാറിയിരുന്നത്. എന്നാല്‍ ഇക്കുറി അതുണ്ടായിട്ടില്ല.
അതേസമയം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയമുണ്ടെന്നാണ് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് ചവ്ദ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. ജനങ്ങള്‍ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും ഇത്തരമൊരു വിജയം ഞെട്ടിക്കുന്നതാണെന്നും അമിത് ചവ്ദ തുറന്നടിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ ഈ വാദത്തിന് സ്വന്തം പാളയത്തില്‍ തന്നെ സ്വീകാര്യത ലഭിച്ചിട്ടില്ല. നേതൃത്വത്തിന്റെ പരാജയമായി തന്നെയാണ് ഈ തോല്‍വിയെ മാധ്യമങ്ങളും വിലയിരുത്തിയിരിക്കുന്നത്.
ഇത്തവണ ഗുജറാത്തില്‍ വിജയ പരീക്ഷണത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്കാകട്ടെ മാന്യമായ പ്രകടനം നടത്താന്‍ സാധിച്ചു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പട്ടിദാര്‍ സമുദായത്തിനു സ്വാധീനമുള്ള സൂറത്തില്‍ 27 സീറ്റുകളിലാണ് എ.എ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരിക്കുന്നത്. 2,097 സീറ്റുകളില്‍ മത്സരിച്ച എഎപിക്ക് 42 ഇടത്താണു ജയിക്കാന്‍ സാധിച്ചത്. ഇതു താരതമ്യേന കുറവാണെങ്കിലും ഒരു പരീക്ഷണമെന്ന നിലയില്‍ പരിശോധിച്ചാല്‍ വലിയ മുന്നേറ്റം തന്നെയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല.
ബി.ജെ.പിക്ക് ബദലായി ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നു വരുന്നത് രാഷ്ട്രീയ നിരീക്ഷകരെയും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച എത്ര ഭീകരമാണെന്നത് ഗാന്ധിയുടെ നാട്ടിലെ ഈ തദ്ദേശ തിരഞ്ഞെടുപ്പും രാജ്യത്തെ ബോധ്യപ്പെടുത്തി കഴിഞ്ഞു. ഇനി കേരളത്തില്‍ കൂടി കോണ്‍ഗ്രസ്സ് വീണാല്‍ അതോടെ എല്ലാം പൂര്‍ണ്ണമാകും.