ഗുജറാത്ത് തിരഞ്ഞെടുപ്പ് ; സബര്‍മതിയില്‍ ജല വിമാനമിറക്കി മോദി സ്‌റ്റൈല്‍ കലാശക്കൊട്ട്‌

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ ഭാഗമായി സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷണം.

കലാശക്കൊട്ടിന് അഹമ്മദാബാദില്‍ റോഡ് ഷോയ്ക്ക് പദ്ധതിയിട്ടെങ്കിലും ഇതിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് മോദി ജലവിമാന യാത്രയ്ക്ക് പദ്ധതിയിട്ടത്.

അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു.

അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തില്‍ മോദി അഹമ്മദാബാദിലേക്ക് മടങ്ങി.

നേരത്തെ, അഹമ്മദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി ഇക്കാര്യം അറിയിച്ചിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൊവ്വാഴ്ച സബര്‍മതി നദിയില്‍ ജലവിമാനം ഇറങ്ങുമെന്നും, ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും മടങ്ങുകയെന്നുമാണ് മോദി പറഞ്ഞത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ക്രമസമാധാനപ്രശ്‌നവും പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചാണു മോദിയുടെയും നിയുക്ത കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോകള്‍ക്ക് അനുമതി നിഷേധിച്ചത്.

Top