gujarath mla’s choose new cm; venkayya naidu

ന്യൂഡല്‍ഹി: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ഗുജറാത്ത് എംഎല്‍എമാര്‍ തീരുമാനിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയാകില്ലെന്നും നായിഡു പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ രാജി യോഗം അംഗീകരിച്ചു.

ആനന്ദിബെന്‍ ഇനി ഗുജറാത്ത് ഗവര്‍ണറെ കണ്ട് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. പട്ടേല്‍ സമുദായത്തിന്റെ സമരത്തിനു പിന്നാലെ ഊന സംഭവത്തില്‍ ദളിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സാഹചര്യത്തിലാണ് ബെന്നിന്റെ രാജി. എന്നാല്‍ പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ രാജിവെച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ്പഞ്ചാബ് തിരഞ്ഞെടുപ്പുകളെ മുന്നില്‍കണ്ട് പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിയുടെ മാറ്റത്തിനു പിന്നില്‍ ബിജെപിയ്ക്കുള്ളത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം സംസ്ഥാന ഘടകത്തില്‍ ശക്തമായിരുന്നു.

എന്നാല്‍ അമിത് ഷാ പ്രസിഡന്റായി തുടരണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് ഇന്നു ചേര്‍ന്ന യോഗത്തിനു ശേഷം വെങ്കയ്യ നായിഡു വ്യക്തമാക്കി. പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമാണ്, അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തിട്ടില്ല വെങ്കയ്യ നായിഡു പറഞ്ഞു.

ഗുജറാത്തില്‍ നാളെ ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു. നിലവിലെ എംഎല്‍എമാരില്‍ ഒരാളാകും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന നേതാക്കളായ നിതിന്‍ ഗഡ്കരിയും സരോജ് പാണ്ഡെയും നാളെ ഗുജറാത്തിലെത്തും.

നിലവിലെ സാഹചര്യത്തില്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് നിതിന്‍ പട്ടേലിനാണ്.

ഇടഞ്ഞുനില്‍ക്കുന്ന പട്ടേല്‍ സമുദായ അംഗമെന്നതും സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്നയാള്‍ എന്നതും നിതിന്‍ പട്ടേലിന് അനുകൂലമായ ഘടകങ്ങളാണ്.

രാജ്‌കോട്ടില്‍ നിന്നുള്ള മന്ത്രി വിജയ് രുപാനിയും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനയിലുണ്ട്. മുന്‍ എംപിയായ രുപാനിയ്ക്ക് പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും പരിചയസമ്പത്തുണ്ട്. അമിത് ഷായുടെ വിശ്വസ്തനാണെന്നതും രുപാനിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

Top