ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് ; കോടതിയെ സമീപിക്കാനൊരുങ്ങി ബി ജെ പി

bjp

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി ബി ജെ പി.

കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് പാര്‍ട്ടി കോടതിയെ സമീപിക്കുന്നത്.

കോണ്‍ഗ്രസ് എം എല്‍ എ മാരായ രാഘവ്ജി പട്ടേല്‍, ഭോലാബായ് ഗോഹില്‍ എന്നിവരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തിനെതിരെ നിയമപരമായ യുദ്ധം നടത്തുമെന്ന് ബി ജെ പി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിന്റെ വിജയം.

കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് അഹ്മദ് പട്ടേലിന് ജയിക്കാനാവശ്യമായ വോട്ടുകളുടെ എണ്ണം 45ല്‍ നിന്ന് 44 ആയി ചുരുങ്ങുകയായിരുന്നു.

ചൊവ്വാഴ്ച വോട്ടെടുപ്പിനിടെ ശങ്കര്‍സിങ് വഗേല ഗ്രൂപ്പിലെ എം എല്‍ എമാര്‍ വോട്ടുചെയ്ത ബാലറ്റ്, പാര്‍ട്ടി ഏജന്റിനെയും ബി.ജെ.പി ഏജന്റിനെയും കാണിച്ചു.

ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായെയും വിമതര്‍ ബാലറ്റ് ഉയര്‍ത്തി കാണിച്ചു. വോട്ടു ചെയ്ത ബാലറ്റ് പരസ്യമായി കാണിച്ചത് ചട്ടലംഘനമാണ് എന്നാരോപിച്ചാണ് കോണ്‍ഗ്രസ് കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് ഇവരുടെ വോട്ട് കമ്മീഷന്‍ അസാധുവാക്കുകയായിരുന്നു.

Top