അഹമ്മദാബാദ്: ഗുജറാത്ത് തീരം പിന്നിട്ട് വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. പാക് തീരത്തേക്ക് പോയ കാറ്റിന് വീണ്ടും ദിശമാറ്റം സംഭവിച്ച് ഒമാന്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്.
വായുവിന്റെ വരവോടെ ഗുജറാത്തിന്റെ തീര മേഖലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്തുനിന്നു കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെരാവാല്‍, പോര്‍ബന്തര്‍, സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്.
അതേസമയം, കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേരളാ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും അടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.