ഗുലാം നബി ആസാദിന്റെ യാത്രയയപ്പ്; വികാരാധീനനായി മോദി

ന്യൂഡല്‍ഹി:ഗുലാം നബി ആസാദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ വിവരിക്കുമ്പോഴാണ് പ്രധാനമന്ത്രി വികാരാധീനനായത്.

കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ ഗുലാം നബി നടത്തിയ ഇടപെടലുകള്‍ മോദി വിവരിച്ചു. നിമിഷങ്ങളോളം വാക്കുകള്‍ കിട്ടാതെ സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു. ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ് വേളയില്‍ പ്രസംഗിക്കുക ആയിരുന്നു പ്രധാനമന്ത്രി.

‘സ്ഥാനങ്ങള്‍ വരും, ഉയര്‍ന്ന പദവികള്‍ വരും, അധികാരം കൈവരും, ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യാഥാര്‍ഥ സുഹൃത്തായാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.

‘കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അവിടെ കുടുങ്ങിയപ്പോള്‍ അവരെ നാട്ടിലെത്തിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും നടത്തിയ പരിശ്രമങ്ങള്‍ മറക്കില്ല. സ്വന്തം കുടുംബാംഗങ്ങള്‍ എന്ന പോലെയാണ് ഗുലാം നബി ആസാദ് വിഷയത്തില്‍ നിരന്തരമായി ഇടപെട്ടത്. വര്‍ഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഒരേ സമയം ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നു. ഞാന്‍ മുഖ്യമന്ത്രി ആകും മുന്‍പേ അദ്ദേഹവുമായി ഇടപെട്ടിട്ടുണ്ട്’ പ്രധാനമന്ത്രി വ്യക്തമാക്കി.

Top