ഗള്‍ഫ് എയര്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു

ജിദ്ദ : ഗള്‍ഫ് എയറിന്റെ എ 321 വിമാനം ജിദ്ദയില്‍ നിന്ന് ബഹ്‌റൈന്‍ വഴി കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു . കൂടാതെ റിയാദ് ,അല്‍ ഖസീം,അബഹ ,മദീന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചും ഗള്‍ഫ് എയറിന്റെ ബഹ്‌റൈന്‍ വഴിയുള്ള കണക്ഷന്‍ വിമാനം ഇനി പറന്നു തുടങ്ങും.

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ ദിവസവും കരിപ്പൂരില്‍ നിന്നും അതു പോലെ ജിദ്ദയില്‍ നിന്നും സര്‍വീസുകള്‍ നടത്തുമെന്നുള്ള പ്രത്യേകതയും ഗള്‍ഫ് എയറിനുണ്ട് . തുടക്കത്തില്‍ 40 കിലോ ഗ്രാം ഫ്രീ ബാഗേജും, പത്ത് കിലോ ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിട്ടുള്ളത്. ബഹ്‌റൈനില്‍ 24 മണിക്കൂര്‍ മുതല്‍ മൂന്ന് ദിവസം (72 മണിക്കൂര്‍) വരെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് താമസിക്കുവാനുള്ള അവസരവും ഗള്‍ഫ്എയര്‍ ഒരുക്കിയിട്ടുണ്ട്.

ബഹ്‌റൈനിലെ അഭ്യന്തര,എമിഗ്രേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 194 എക്കോണമി ക്ലാസ് ടിക്കറ്റുകളും, 14 ബിസിനസ്സ് ക്ലാസ് ടിക്കറ്റുകളും ലഭ്യമാണ്. കോഴിക്കോട് നിന്ന് പുറപ്പെട്ട് ബഹ്‌റൈനില്‍ മൂന്ന് മണിക്കൂര്‍ വിശ്രമം ആവശ്യമാണെന്നും ഗള്‍ഫ് എയര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Top