ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി ഗള്‍ഫ് രാജ്യങ്ങള്‍ കട്ട വെയ്റ്റിംഗില്‍ !

ലോകത്ത് അതിവേഗം വളര്‍ന്ന് വരുന്ന സൈനിക ശക്തിയാണ് ഇന്ത്യയുടേത്. ഈ യാഥാര്‍ത്ഥ്യമിപ്പോള്‍ അറബ് രാജ്യങ്ങളും അംഗീകരിച്ചിരിക്കുകയാണ്. മികച്ച സൈനിക പങ്കാളിയായാണ് അവരിപ്പോള്‍ ഇന്ത്യയെ നോക്കി കാണുന്നത്. പാക്കിസ്ഥാനെ സംബന്ധിച്ച് ഇത് വന്‍ പ്രഹരം തന്നെയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കുന്തമുനയായ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കണമെന്ന ആഗ്രഹം ഇതിനകം തന്നെ അറബ് രാജ്യങ്ങള്‍ പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സൗദിയും, ഖത്തറും യു.എ.ഇയുമാണ് ഇതു സംബന്ധമായ ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലെന്ന ഖ്യാതി നേടിയ ആക്രമണകാരിയാണ് ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈല്‍. ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ കര, നാവിക, വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള വിവിധ പതിപ്പുകളും ഇപ്പോള്‍ നിലവിലുണ്ട്.

റഷ്യന്‍ നിര്‍മിത ഇന്ത്യന്‍ യുദ്ധവിമാനമായ സുഖോയ് 30 ശ്രേണിയിലുള്ള വിമാനങ്ങള്‍ക്കു മാത്രമാണ് നിലവില്‍ ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് വിമാനങ്ങള്‍ക്ക് വലിയ മാറ്റങ്ങളാണ് വരുത്തിയിരുന്നത്. 3600 കിലോമീറ്റര്‍ ദൂരം വരെ പറന്ന് സുഖോയില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കാനാകും. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ നിയന്ത്രിക്കാനും കഴിയും. മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് കൃത്യതയോടെയാണ് ബ്രഹ്മോസ് തകര്‍ക്കുക. നിലവില്‍ കരയില്‍ നിന്നും കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലും ഇന്ത്യന്‍ നാവിക സേന വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞിട്ടുണ്ട്.

ആന്‍ഡമാന്‍ നിക്കോബാറിലെ നാവിക കേന്ദ്രത്തില്‍ നിന്നാണ് പുതിയ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെയാണ് കപ്പല്‍വേധ മിസൈല്‍ പരീക്ഷണവും ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് പരീക്ഷണം വിജയകരമാക്കിയിരുന്നത്. ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി 298 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്നും 450 കിലോമീറ്ററായാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. 800 കിലോമീറ്റര്‍ പരിധിയുള്ള മറ്റൊരു പതിപ്പിപ്പോള്‍ പണിപ്പുരയിലുമാണ്.

ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യതയും വളരെ കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ഇതിനെ നിയന്ത്രിക്കാനും കഴിയും. ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നതും ഈ ടെകനോളജിയാണ്. ബ്രഹ്മോസിനൊപ്പം തന്നെ ഇന്ത്യയുടെ ആകാശ് മിസൈലും വാങ്ങാന്‍ സൗദി അറേബ്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണിത്. തങ്ങളുടെ സൈനിക/പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ വലിയ രൂപത്തിലാണ് അറബ് രാജ്യങ്ങളിപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ രാജ്യങ്ങളെ സംബന്ധിച്ച് ഇന്ത്യ തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധ പങ്കാളി.

ബഹിരാകാശം, സമുദ്ര സംരക്ഷണം, സംയുക്ത പ്രതിരോധ ഉല്‍പാദനം, കയറ്റുമതി, സുരക്ഷ, വ്യാപാര സഹകരണം, കപ്പല്‍ നിര്‍മ്മാണം, യുദ്ധോപകരണങ്ങള്‍ തുടങ്ങി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവചിത വാഹനങ്ങള്‍ വരെയുള്ള ഇന്ത്യയുടെ സാങ്കേതിക ശേഷിയിലാണ് യു.എ.ഇ നോട്ടമിട്ടിരിക്കുന്നത്. ഇത് സംബന്ധമായ ചര്‍ച്ചകള്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാന്റെ ഗള്‍ഫ് സന്ദര്‍ശനത്തോടെയാണ് പുരോഗമിക്കുക. സൈനിക- പ്രതിരോധ സഹായങ്ങള്‍ സംബന്ധിച്ച് സൗദി, യു.എ.ഇ രാജ്യങ്ങളിലെ സൈനിക തലവന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആശങ്കയോടെയാണ് നരവാന്റെ സന്ദര്‍ശനത്തെ പാക്കിസ്ഥാനും ഇപ്പോള്‍ നോക്കി കാണുന്നത്.

Top