ഖത്തറിന്റെ പരമാധികാരം അടിയറ വെയ്ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നു :ശൈഖ് മുഹമ്മദ്

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കേ ഈ രാജ്യങ്ങള്‍ മേഖലയെ അസ്ഥിരപ്പെടുത്തുകയാണെന്നും വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാന മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

മേഖലയിലെ ജനങ്ങളുടെ ജീവിതം കൊണ്ടാണ് സൗദി സഖ്യം ചൂതാടുന്നതെന്നും, മേഖലയ്ക്ക് ദോഷകരമാകുന്ന തരത്തിലുള്ള നയങ്ങളാണ് അവര്‍ നടപ്പാക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഖത്തറിന്റെ പരമാധികാരം അടിയറ വെയ്ക്കുന്നതിനാണ് സൗദി അറേബ്യയും യു.എ.ഇ.യും ശ്രമിക്കുന്നതെന്നും, എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരം അടിയറ വെയ്പ്പിക്കാനുള്ള ശ്രമമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം. അധികാര ദുരുപയോഗത്തിന്റെയും ഗള്‍ഫ് പ്രതിസന്ധിയുടേയും ഉദാഹരണമാണ് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം. അധികാരത്തിനായി ശ്രമിക്കുന്നവര്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദത്തിനെതിരെ പോരാടുകയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയനടപടികള്‍ മേഖലയുടെ സുരക്ഷ നശിപ്പിക്കുകയും ഭീകരവാദം വിജയിക്കുന്നതിന് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്. വ്യക്തമായ നയമില്ലാതെ അപകടകരമായ കളിയാണ് മേഖലയിലെ ചില രാജ്യങ്ങള്‍ നടത്തുന്നത്. ഇത് അസ്വസ്ഥതയുടെ കേന്ദ്രമായി മേഖലയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top