മനാമ: ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് നാടുകളിലെ ഭരണകൂടവും മറ്റ് സ്ഥാപനങ്ങളും വിവിധ ഇളവുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തി. കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് ലോണ്‍ ഫീസുകള്‍ ഒഴിവാക്കി നല്‍കിയിരിക്കുകയാണ് ബഹ്‌റൈന്‍ ബാങ്ക്. വ്യക്തിഗത വായ്പകള്‍, ഹോം ലോണുകള്‍ തുടങ്ങി വിവിധ ബാങ്ക് ഇടപാടുകളിലെ അഡ്മിനിസ്‌ട്രേഷന്‍ ഫീസുള്‍ ഒഴിവാക്കി നല്‍കാനാണ് അല്‍ സലാം ബാങ്കിന്റെ തീരുമാനം. വാക്‌സിന്‍ എടുത്തുവെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ബഹ്‌റൈനിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ബിഎവയെര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലെ വാക്‌സിന്‍ എടുത്തുവെന്ന വ്യക്തമാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ടോ ബാങ്കില്‍ കാണിച്ചാല്‍ മാത്രം മതി ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
ബഹ്‌റൈനിലെ വാക്‌സിനെടുക്കാന്‍ അര്‍ഹരായ എല്ലാവരെയും അത് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അല്‍ സലാം ബാങ്ക് റീട്ടെയില്‍ വിഭാഗം അധ്യക്ഷന്‍ മുഹമ്മദ് ബുഹിജി അറിയിച്ചു. പൊതുജനാരോഗ്യത്തില്‍ ബാങ്ക് പ്രകടിപ്പിക്കുന്ന താല്‍പര്യമാണ് ലോണ്‍ ഫീസ് ഒഴിവാക്കി നല്‍കിയ നടപടിയിലൂടെ തെളിയിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ ഉദ്ഘാടന മല്‍സരത്തില്‍ കൊവിഡ് വാക്‌സിനെടുത്തവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും മാത്രമേ ടിക്കറ്റ് നല്‍കിയിരുന്നുള്ളൂ