അബുദാബി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ മാധ്യമങ്ങള്‍ സമ്മതിയ്ക്കുന്നില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ്. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട നല്ല നീക്കങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നര വര്‍ഷത്തിലേറെയായി നീണ്ടു നില്‍ക്കുന്ന ഖത്തറും ചതുര്‍ രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവസാനിക്കാന്‍ വഴിതുറന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യു.എ.ഇ മന്ത്രിയുടെ പ്രസ്താവന. അനുരഞ്ജന ചര്‍ച്ചയിലൂടെ നയപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ പരിഹാര ഉടമ്പടികളെ താഴ്ത്തിക്കെട്ടുന്ന രീതിയാണ് ഖത്തര്‍ മാധ്യമങ്ങളുടേതെന്ന് മന്ത്രി വിമര്‍ശിച്ചു. ദുരൂഹമായ ഈ പ്രവണത വിശദീകരിക്കുക എളുപ്പമല്ലെന്നും യു.എ.ഇ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഖത്തറും ചതുര്‍ രാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ട അകല്‍ച്ച പരിഹരിക്കാന്‍ കുവൈത്തും അമേരിക്കയും മുന്‍കൈയെടുത്ത് നടത്തിയ സമവായം വിജയത്തിലേക്ക് അടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുപക്ഷവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനുവരി അഞ്ചിന് സൗദിയില്‍ ചേരുന്ന ജി.സി.സി ഉച്ചകോടിയില്‍ പ്രശ്‌നപരിഹാര ഫോര്‍മുല അംഗീകരിച്ചേക്കുമെന്നും കുവൈത്ത് സൂചന നല്‍കിയിരുന്നു.