ദുബായ്: ചൊവ്വാഴ്ച ഗള്‍ഫില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നത്. വില ഉയര്‍ന്നതോടെ അവധിയില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ തല്‍കാലം സ്വര്‍ണം വാങ്ങേണ്ടെന്ന നിലപാടിലാണ്.സ്വര്‍ണവില റെക്കോഡ് വിലകടന്നതോടെ രാജ്യങ്ങളിലെ സ്വര്‍ണ വിപണിയില്‍ കാര്യമായ മന്ദത അനുഭവപ്പെടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
22 ക്യാരറ്റിന് 163.50 ദിര്‍ഹത്തിലായിരുന്നു ചൊവ്വാഴ്ച ദുബായിലെ സ്വര്‍ണ വ്യാപാരം നടന്നത്. 24 ക്യാരറ്റിന് 174 ദിര്‍ഹവും 21 ക്യാരറ്റിന് 156 ദിര്‍ഹവും വിലയുണ്ട്. കഴിഞ്ഞ നാല് ആഴ്ച കൊണ്ട് സ്വര്‍ണവിലയില്‍ 10 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഡോളറിന്റെ മൂല്യം ഇടിയുന്നതിന് പുറമെ അമേരിക്കയും ഇറാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നടപടികള്‍ പ്രതീക്ഷിക്കുന്നതും ആഗോളതലത്തിലെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നു.