ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് സംഘത്തിന് നേരെ വെടിവെയ്പ്പ്. അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 10:45ഓടെയാണ് സംഭവം. വാഹനത്തിലെത്തിയ നാല് അജ്ഞാതരാണ് പോലീസിന് നേരെ വെടിയുതിര്‍ത്തത്.
സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നാണ് പോലീസ് സംഘത്തിന് നേരെ വെടിവെയ്പ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്താന്‍ മണ്ടാവലി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായത്.
അക്ഷര്‍ധാം മെട്രോ സ്റ്റേഷന്‍ നടപ്പാലത്തിന് സമീപം ആളുകളെ കബളിപ്പിച്ച് കടന്നുകളഞ്ഞ സംഘത്തില്‍പ്പെട്ടവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് സംശയിക്കുന്നു. വെടിയുതിര്‍ത്ത ശേഷം സംഘം സമീപത്തുള്ള ഗീത കോളനിയിലേക്ക് ഓടിയതായും പോലീസ് വ്യക്തമാക്കി.
പോലീസ് സംഘം അക്രമികളെ പിന്തുടരുകയും ഒരു റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.