ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ ഗുണ്ട ആക്രമണത്തിൽ അന്തര്‍സംസ്ഥാന തൊഴിലാളിയായ ഹോട്ടല്‍ ജീവനക്കാരന് പരിക്കേറ്റു . സംഭവത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായി. ഏറ്റുമാനൂര്‍-പാലാ റോഡില്‍ ഐ.സി.ഐ.സി ബാങ്കിനു എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന അല്സാഫ ഹോട്ടലിലെ ജീവനക്കാരനാണ് ഗുണ്ടാ ആക്രമണത്തിന് ഇരയായത്. 22 കാരനായ സദ്ദാമിനാണ് ഗുണ്ടാ ആക്രമണത്തിൽ തലക്ക് മാരകമായി പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ ബൈക്കില്‍ ഹോട്ടലില്‍ എത്തിയ മൂവര്‍സംഘം ആക്രമണം നടത്തുകയായിരുന്നു. ആഹാരം കഴിച്ചശേഷം പണം നല്‍കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പരിക്കേറ്റ ജീവനക്കാരനെയും കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജിൽ എത്തിയവര്‍ അവിടെവെച്ച് അക്രമിസംഘത്തെ കണ്ടുമുട്ടി. വിവരമറിയിച്ചതനുസരിച്ച് ഇവരില്‍ ഒരാളെ പൊലീസ് മെഡിക്കല്‍ കോളജില്‍ വെച്ച് പിടികൂടുകയായിരുന്നു.