ഗുർഗോൺ: ഹരിയാനയിലെ ഗുർഗോണിൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി)യുടെ കീഴിൽ 224 നിയമവിരുദ്ധ നഴ്സിംഗ് ഹോമുകളും ക്ലിനിക്കുകളും പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.
ഇവയിൽ സേവനമനുഷ്ഠിക്കുന്ന 141 ഡോക്ടർമാരും വ്യാജമാണെന്നും കണ്ടെത്തി.
വിവരാവകാശ നിയമപ്രകാരമാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
ഹരിയാനയിലെ ആരോഗ്യ വകുപ്പിന്റെ സിവിൽ സർജൻ ഓഫീസ് പറയുന്നത് അനുസരിച്ച് പാട്ടുഡിൽ 23 അനധികൃത ക്ലിനിക്കുകളും നേഴ്സിംഗ് ഹോമുകളും ഉണ്ട്, കൂടാതെ ഭാൻഗ്രോളയിൽ ഒന്ന് , ഭോദകലയിൽ 18 , സൊഹ്നയിൽ 15, ഫറൂഖ്നഗറിൽ 54 , ഹർസറയിൽ 48, ഗംഗോലയിൽ 26, ബാദ്ഷാപൂരിൽ 39 എന്നിങ്ങനെയാണ് കണക്കുകൾ.
ഹരിയാന മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും, എന്നാൽ ഈ വിഷയത്തിൽ നടപടികളൊന്നും എടുത്തിട്ടില്ലയെന്നും ഗുർഗോണ് ആരോഗ്യ സിവിൽ സർജനായ ബി.കെ. രാജൗറ പറഞ്ഞു
ഹരിയാന നഴ്സിംഗ് ഹോമുകൾക്ക് രജിസ്ട്രേഷൻ ആക്ട് ഇല്ലാത്തതിനാൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൊഹ്നയിലെ ബഹൽപ ഗ്രാമത്തിൽ താമസിക്കുന്ന മഹേന്ദ്ര കുമാർ വിവരാവകാശ നിയമപ്രകാരം ഒക്ടോബർ 10 ന് ഗുർഗോണിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നിയമവിരുദ്ധ നഴ്സിംഗ് ഹോമുകൾ, ക്ലിനിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് ആർടിഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ഇതിന് മറുപടിയായാണ് ഒക്ടോബർ 23 ൻ ആർടിഐ റിപ്പോർട്ടുകൾ നൽകിയത്.
224 അനധികൃത ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും ഉണ്ടെന്നും, ഈ നഴ്സിങ് ഹോമുകളിലും അനധികൃത ക്ലിനിക്കുകളിലും 141 വ്യാജ ഡോക്ടർമാരാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാകുന്നു.
അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ക്ലിനിക്കുകൾക്കും നഴ്സിങ് ഹോമുകൾക്കും എതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും , നടപടികൾ സ്വീകരിക്കാത്തത് ജനങ്ങളോട് ചെയ്യുന്ന നിയമലംഘനമാണെന്നും മഹേന്ദ്ര കുമാർ പറഞ്ഞു.
റിപ്പോർട്ട് : രേഷ്മ പി .എം