ഥാറിനെ കടത്തിവെട്ടി പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്

മികവുകള്‍ ഏറെ ഉണ്ടായിട്ടും ഥാറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല ഓഫ്‌റോഡ് എസ്‌യുവിയായ ഗൂര്‍ഖയ്ക്ക്. കരുത്തുല്‍പാദനമാണ് ഗൂര്‍ഖ പിന്തള്ളപ്പെടാനുള്ള പ്രധാന കാരണം. ഥാറിനോളം കരുത്ത് ഗൂര്‍ഖയ്ക്കില്ല. 2.5 ലിറ്റര്‍ എഞ്ചിനുള്ള ഥാര്‍ 107 bhp സൃഷ്ടിക്കുമ്പോള്‍ 2.6 ലിറ്റര്‍ എഞ്ചിന്‍ തുടിക്കുന്ന ഗൂര്‍ഖയ്ക്കുള്ളത് 85 bhp കരുത്ത് മാത്രമാണ്.

എന്നാല്‍ ഇപ്പോള്‍ ഥാറിനെ കടത്തിവെട്ടുന്ന പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ് ഒരിക്കല്‍കൂടി മത്സരത്തിലേക്കു തിരിച്ചുവരാനൊരുങ്ങുകയാണ്. കരുത്തുള്ള ഗൂര്‍ഖ എക്‌സ്ട്രീമിനെ 12.99 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

കാഴ്ച്ചയില്‍ വലിയ മാറ്റങ്ങളൊന്നും ഗൂര്‍ഖ എക്‌സ്ട്രീം അവകാശപ്പെടില്ലെങ്കിലും കമ്പനി ഘടിപ്പിച്ചു നല്‍കുന്ന സ്‌നോര്‍ക്കല്‍ ശ്രദ്ധ പിടിച്ചുപറ്റും. മെര്‍സിഡീസ് ബെന്‍സ് ഡീസല്‍ എഞ്ചിന്‍ ആധാരമായ പുതിയ 2.2 ലിറ്റര്‍ യൂണിറ്റാണ് എസ്‌യുവിയില്‍.

ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന ഫോഴ്‌സ് വണ്‍ എസ്‌യുവിക്കും ഇതേ എഞ്ചിനാണ് തുടിപ്പേകിയത്. പുതിയ മോഡലില്‍ മുന്നിലും പിന്നിലും മള്‍ട്ടി ലിങ്ക് സസ്‌പെന്‍ഷന്‍ ക്രമീകരണമാണ് ഒരുങ്ങുന്നത്. എസ്‌യുവിയുടെ അപ്രോച്ച്, ഡിപാര്‍ച്ചര്‍ കോണുകളിലും കമ്പനി മാറ്റങ്ങള്‍ വരുത്തി.

Top