ഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതായി യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. അമേരിക്കയില്‍ വച്ച് നടന്ന വധശ്രമം പരാജയപ്പെടുത്തിയെന്നാണ് യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയ്ക്കെതിരെ നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഇയാളെ കൊലപ്പെടുത്താന്‍ ഇന്ത്യ പദ്ധതിയിട്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ആരോപണം ഉയര്‍ത്തിയത്.
ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് അമേരിക്ക പറയുന്നത്. ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഉന്നതതല ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് വാഷിങ്ടണില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും തങ്ങളുടെ നയമല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. അതേസമയം ഗുര്‍പട്വന്ത് സിങ് പന്നുവിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. പന്നുവിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഐഎ സെപ്റ്റംബറില്‍ കണ്ടുകെട്ടിയിരുന്നു.