നിരന്തരം ശല്യപ്പെടുത്തുന്നെന്ന് ജീവനക്കാരിയുടെ പരാതി; ജി.വി രാജ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജി.വി രാജ വിഎച്ച്എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് സി.എസിനെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു.

നേരത്തെ, പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ വകുപ്പിലെ പ്രത്യേക സംഘത്തെ ഏല്‍പിക്കുകയായിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് സംഘം പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറി. പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തണമെന്നുമുള്ള ശുപാര്‍ശ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കു കൈമാറി. ആരോപണ വിധേയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും അഡിഷനല്‍ സെക്രട്ടറിക്കു വകുപ്പുതല അന്വേഷണ ചുമതല നല്‍കാനും മന്ത്രി ഉത്തരവിട്ടു.

Top