വാരണസി: ഗ്യാന്‍വാപി തര്‍ക്കത്തില്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കുമെന്ന് വാരണസി ജില്ലാ കോടതി. വ്യാഴാഴ്ചയാണ് വാദം കേള്‍ക്കുക. അതുവരെ തല്‍സ്ഥിതി തുടരണമെന്ന് വാരണസി ജില്ലാ കോടതി നിര്‍ദേശം നല്‍കി. സര്‍വെ റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.
1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്ന വാദമാണ് മസ്ജിദ് കമ്മിറ്റികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ വാദം ആദ്യം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കേസില്‍ ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നാകും കോടതി ആദ്യം പരിശോധിക്കുക.
കേസ് നേരത്തെ പരിഗണിച്ചിരുന്ന വാരണാസി സിവില്‍ കോടതിയില്‍ നിന്ന് ഫയലുകള്‍ ജില്ലാ കോടതിക്ക് കൈമാറിയിരുന്നു. വിഷയത്തിലെ സങ്കീര്‍ണത കാരണം അനുഭവപരിചയമുള്ള മുതിര്‍ന്ന ജഡ്ജി കേസ് പരിഗണിക്കട്ടേയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. മസ്ജിദില്‍ പരിശോധന നടത്തിയ അഡ്വക്കേറ്റ് കമ്മിഷണര്‍മാര്‍ സര്‍വേ റിപ്പോര്‍ട്ട് വാരണാസി കോടതിക്ക് കൈമാറിയിട്ടുണ്ട്.
ശിവലിംഗം, ക്ഷേത്ര അവശിഷ്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയെന്ന കാര്യം സര്‍വേ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, വിഷയത്തില്‍ രാഷ്ട്രീയ വിവാദവും തുടരുകയാണ്. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയിട്ടില്ലെന്നും, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവാദമാണെന്നും സമാജ്‌വാദി പാര്‍ട്ടി എം.പി ഷാഫിഖുര്‍ റഹ്മാന്‍ ബര്‍ഖ് ആരോപിച്ചിരുന്നു.