ദില്ലി :കാശി വിശ്വനാഥ ക്ഷേത്രത്തോടുചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് നിര്‍ദേശം. വാരാണസി ജില്ലാ കോടതിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളില്‍ സര്‍വേ നടത്താനാണ് നിര്‍ദേശം. ജലസംഭരണി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ നേരത്തെ സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരുന്നു. മസ്ജിദില്‍ ആരാധന നടത്താന്‍ അനുമതി തേടി നാല് വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. രാവിലെ 8 മുതല്‍ 12 മണിവരെ സര്‍വേ നടത്താനാണ് കോടതി അനുവാദം നല്‍കിയത്. മസ്ജിദില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ ഉണ്ടാക്കാന്‍ പാടില്ല. ഈ സമയത്ത് പ്രാര്‍ത്ഥനകള്‍ മുടങ്ങാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
1991ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്. ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. 2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്.