ഗ്യാൻവാപി സർവേ; പള്ളിക്കമ്മറ്റിയുടെ അപ്പീൽ നാളെ സുപ്രീംകോടതിയിൽ

ദില്ലി : ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പ് സർവേയ്ക്ക് അനുവാദം നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ പള്ളിക്കമ്മറ്റിയുടെ അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

മസ്ജിദിൽ സർവേ നടത്താൻ വാരാണസി ജില്ലാ കോടതിയാണ് ആർക്കിയോളജി വിഭാഗത്തിന് നിർദ്ദേശം നൽകിയത്. ഇതിനെതിരെ പള്ളി കമ്മറ്റി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. സർവേ നടപടികൾ മസ്ജിദിന് കേട് വരുത്തുമെന്നായിരുന്നു പള്ളിക്കമ്മറ്റിയുടെ വാദം. എന്നാൽ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. പള്ളിക്ക് കേടുപാടുകൾ വരാതെ സർവേ നടത്താമെന്ന പുരാവസ്തു വകുപ്പിന്റെ വാദം കോടതി അംഗീകരിച്ചു. എസ്ഐഎ ഉദ്യോഗസ്ഥനെ കോടതി ഈ കാര്യങ്ങൾ വിശദീകരിക്കാൻ നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. മൂന്ന് ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനം.

ഇതിനിടെ ഗ്യാൻവാപി മസ്ജിദ് മുദ്ര വച്ച് പൂട്ടണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം അലഹബാദ് ഹൈക്കോടതിയിലും, വാരണാസി ജില്ലാ കോടതിയിലും പുതിയ ഹർജി ഫയൽ ചെയ്തു. നേരത്തേ നടത്തിയ പരിശോധനയിൽ പള്ളിക്കുള്ളിൽ ശിവലിംഗത്തിന് സമാനമായ രൂപം കണ്ടെത്തിയെന്നും ഇത് നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പള്ളി പൂട്ടണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Top