ബംഗളൂരു: നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന ചോദ്യവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജനസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയവരോടാണ് കുമാരസ്വാമി ഈ ചോദ്യം ഉന്നയിച്ചത്.
‘നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാര്‍ജിന് ഉത്തരവിടണോ?’- പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു.
ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരില്‍ എത്തിയതായിരുന്നു കുമാരസ്വാമി. കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ്, തങ്ങളെ അവഗണിക്കുകയാണെന്നാരോപിച്ച് താപനിലയത്തിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയെ തടഞ്ഞത്.