കടുത്തനിലപാടുമായി ട്രംപ്; ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്നു

വാഷിംഗ്ടണ്‍: എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണിതെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2019ന്റെ മൂന്നാം പാദത്തില്‍മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയത്. അതേസമയം 2015ല്‍ ഇത് വെറും ആറ് ശതമാനമായിരുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ നല്‍കുന്ന എച്ച് 1 ബി അപേക്ഷകളുടെ കാര്യത്തിലുള്ള നിരസിക്കല്‍ നിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉദാഹരണമായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വിദേശ കമ്പനികളുടെ വിസാ നിഷേധനിരക്ക് 2015-ല്‍ ഒരു ശതമാനമായിരുന്നു. 2019ല്‍ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് ശതമാനമായി. അതേസമയം ആപ്പിള്‍ നല്‍കിയ അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് മാറിയില്ല, രണ്ട് ശതമാനമേയുള്ളൂ.

എന്നാല്‍, ഇതേ കാലയളവില്‍ ഇന്ത്യയുടെ ടെക് മഹീന്ദ്ര കമ്പനിയുടെ നിരസിച്ച അപേക്ഷകളുടെ എണ്ണം നാല് ശതമാനത്തില്‍നിന്ന് 41 ശതമാനമായാണ് കൂടിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റേത് ആറ് ശതമാനത്തില്‍നിന്ന് 34 ആയും ഉയര്‍ന്നു. വിപ്രോയുടെ എച്ച്1 ബി അപേക്ഷകളില്‍ 53 ശതമാനം തള്ളിപ്പോയി.ഇന്‍ഫോസിസിന്റേത് രണ്ടില്‍നിന്ന് 45 ശതമാനമായും വര്‍ധിച്ചു.

യു.എസില്‍ ജോലി തുടരാനുള്ള ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ അപേക്ഷ നിരസിക്കപ്പെടുന്നതിലും വര്‍ധനയുണ്ടായി.

ഇത്തരത്തില്‍ ടെക് മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം 16 ശതമാനവും വിപ്രോയുടെ 19 ശതമാനവും അപേക്ഷകളാണ് തള്ളിയത്.

Top