തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍1 വൈറസ് ബാധ കുറയുന്നതായി ആരോഗ്യ വകുപ്പ്. 2017നെ അപേക്ഷിച്ച് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എച്ച്1എന്‍1നെ തുടര്‍ന്നുള്ള മരണങ്ങളിലും കുറവുണ്ടായെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു
2017ല്‍ സംസ്ഥാനത്ത് 1417 എച്ച്1 എന്‍1 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. ഇതില്‍ 76 പേര്‍ മരിച്ചു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ ജാഗ്രത പാലിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 23 വരെ 105 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചതിനാലാണ് വൈറസ് ബാധ നിയന്ത്രിക്കാനായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്‍ഫ്‌ലുവന്‍സ എ ഗ്രൂപ്പില്‍ പെടുന്ന വൈറസ് പടര്‍ത്തുന്ന എച്ച്1എന്‍1 ശ്വസന വ്യവസ്ഥയെ ആണ് ബാധിക്കുന്നത്. പനി, ജലദോഷം, തൊണ്ട വേദന ചുമ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ കുട്ടികള്‍ വൃദ്ധര്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ഗര്‍ഭിണികള്‍ എന്നിവര്‍ പെട്ടെന്ന് തന്നെ ചികില്‍സ തേടണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.